ദോഹ : ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വ്യോമപാത അടച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ. ഖത്തറിന് പിന്നാലെ ബഹ്റൈൻ, യുഎഇ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളാണ് വ്യോമ പാത അടച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇറാന്‍റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത നേരത്തേ അടച്ചിരുന്നു.

അതേ സമയം, ഖത്തറിനെതിരായ ഇറാന്‍റെ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു. ഇറാന്‍റെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് സൗദി അറേബ്യ അപലപിച്ചു. ഖത്തറിന്‍റെ പരമാധികാരത്തിനും വ്യോമപാതയ്ക്കും നേരെയുള്ള കടന്നു കയറ്റമാണ് ഇറാന്‍റെ ആക്രമണമെന്ന് യുഎഇ കുറ്റപ്പെടുത്തി.