ഓട്ടവ : കാനഡയുടെ അടുത്ത ദേശീയ സെൻസസ് 2026 മെയ് മാസത്തിൽ നടക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. സെൻസസ് തീയതി നിശ്ചയിച്ച് ഫെഡറൽ മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ സെൻസസിൽ ഉൾപ്പെടുത്തുന്ന ചോദ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2021-ൽ കോവിഡ് മഹാമാരിക്കാലത്താണ് അവസാനമായി ദേശീയ സെൻസസ് നടന്നത്.

പ്രായം, ലിംഗഭേദം, വൈവാഹിക നില, കുടുംബ ഘടന, വാസസ്ഥല തരങ്ങൾ എന്നിവയുൾപ്പെടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയ സെൻസസിലൂടെ ശേഖരിക്കും. കൂടാതെ വരുമാനം, കുടിയേറ്റം, വംശീയ സാംസ്കാരിക, മത പശ്ചാത്തലം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ, സ്കൂളുകൾ, പൊതുഗതാഗതം, ആശുപത്രി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സർക്കാർ സേവനങ്ങൾ ആസൂത്രണം ചെയ്യാൻ സെൻസസ് ഫലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.
