ഓട്ടവ : കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ ദി ഇവാലുവേഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ അച്ചീവ്മെൻ്റ് (ഐഇഎ) പരീക്ഷയിലെ കനേഡിയൻ വിദ്യാർത്ഥികളുടെ സ്കോറുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ഓരോ നാല് വര്‍ഷത്തിലും നടത്തുന്ന രാജ്യാന്തര വിദ്യാഭ്യാസ നിലവാര പരീക്ഷയാണിത്. ആറ് ബെഞ്ച്മാർക്കിങ് സിസ്റ്റങ്ങളിലാണ് ഗ്രേഡ് 4, ഗ്രേഡ് 8 തലങ്ങളിൽ ഈ പരീക്ഷ നടത്തുന്നത്. 64 രാജ്യങ്ങളെ റാങ്ക് ചെയ്തതിൽ കഴിഞ്ഞ വര്‍ഷത്തെ കനേഡിയന്‍ വിദ്യാർത്ഥികളുടെ സ്കോറുകൾ പ്രകാരം 32-ാം സ്ഥാനത്താണ് കാനഡ. 15 വയസ്സുള്ള കുട്ടികളുടെ ഗണിതശാസ്ത്രം, വായന, ശാസ്ത്രം എന്നിവയിലെ അറിവും കഴിവുകളും വിലയിരുത്തുന്ന പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡൻ്റ് അസസ്മെൻ്റ് (പിഐഎസ്എ) 2022 സര്‍വേയില്‍ കാനഡ മികച്ച പത്ത് രാജ്യങ്ങളില്‍ സ്ഥാനം പിടിച്ചെങ്കിലും 2000 മുതൽ കാനഡയിലെ വിദ്യാഭ്യാസ നിലവാരം മന്ദഗതിയിലാണെങ്കിലും ഇടിവ് നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022-ല്‍ 81 രാജ്യങ്ങളില്‍ നിന്ന് ഏകദേശം 690,000 വിദ്യാർത്ഥികൾ ഐഇഎ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 867 സ്കൂളുകളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം കനേഡിയന്‍ വിദ്യാർത്ഥികൾ ഗണിതശാസ്ത്രം, വായന, ശാസ്ത്ര പരീക്ഷകളില്‍ പങ്കെടുത്തു. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ചൈന, ജപ്പാന് തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് പരീക്ഷകളിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഗണിതശാസ്ത്രം, വായന, ശാസ്ത്രം എന്നീ മൂന്ന് വിഷയങ്ങളിലും കാനഡ പിന്നോട്ട് പോയതായി വിദ്യാഭ്യാസ വിദഗ്ധനായ ജോണ്‍ റിച്ചാര്‍ഡ്സ് പറയുന്നു. കെബെക്ക്, ഒൻ്റാരിയോ, ആൽബർട്ട നാല് വലിയ പ്രവിശ്യകളുടെ പ്രകടനം മികച്ചതാണെങ്കിലും ആറ് ചെറിയ പ്രവിശ്യകളുടേത് അത്ര മികച്ചതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗണിതശാസ്ത്രത്തിലാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ പ്രവിശ്യകള്‍ സ്കൂള്‍ വര്‍ഷം എങ്ങനെ ക്രമീകരിക്കുന്നു എന്നത് പ്രശ്നത്തിനുള്ള പരിഹാരമാണെന്നും ജോണ്‍ റിച്ചാര്‍ഡ്സ് സൂചിപ്പിച്ചു. കുട്ടികള്‍ക്ക് ഒന്നിലധികം മാസത്തെ നീണ്ട ഇടവേളയേക്കാള്‍ വര്‍ഷം മുഴുവനും പഠനം ഉണ്ടായിരിക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്നും ജോണ്‍ റിച്ചാര്‍ഡ്സ് പറയുന്നു.
