ടൊറൻ്റോ : യുഎസിൽ നിന്നും കാനഡയിലേക്ക് എത്തിയ ട്രക്കിൽ നിന്നും കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന ബ്ലൂ വാട്ടർ ബ്രിഡ്ജിൽ നടന്ന പരിശോധനയിലാണ് ട്രക്കിൽ ഒളിപ്പിച്ച രണ്ടു കോടി 30 ലക്ഷം മൂല്യമുള്ള 190 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. കേസിൽ ബ്രാംപ്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കരംവീർ സിങ് (27)-നെ അറസ്റ്റ് ചെയ്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. ജൂൺ 12-നാണ് സംഭവം.

യുഎസിൽ നിന്നും പോയിൻ്റ് എഡ്വേർഡ് പോർട്ട് ഓഫ് എൻട്രി കടന്ന് എത്തിയ ട്രക്കിനുള്ളിൽ, ഒരു ഡിറ്റക്ടർ നായയുടെ സഹായത്തോടെ നടത്തിയ വിശദമായ തിരച്ചിലിനിടെയാണ് ട്രെയിലറിലെ ആറ് ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയതെന്ന് സിബിഎസ്എ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ട്രക്ക് ഡ്രൈവർ കരംവീർ സിങിനെ പിടിച്ചെടുത്ത മയക്കുമരുന്നിനൊപ്പം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് (ആർസിഎംപി) കൈമാറി. ഇയാൾക്കെതിരെ മയക്കുമരുന്ന് കള്ളക്കടത്ത്, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നതായും ആർസിഎംപി അറിയിച്ചു.