ഓട്ടവ : വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി കാനഡ സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിലെ ഇടിവ് തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. കാനഡയിലേക്ക് എത്തുന്ന യുഎസ് നിവാസികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 8.9%കുറഞ്ഞപ്പോൾ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 0.6% ഇടിവ് രേഖപ്പെടുത്തിയതായും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏഷ്യയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് കാനഡയിലേക്കുള്ള വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായത്. ഇത് വർഷം തോറും 12.6% കുറഞ്ഞു. ഇതിനു വിപരീതമായി, യു എസ് ഒഴികെ യൂറോപ്പിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കാനഡയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി.

യുഎസ് നിവാസികളുടെ കനേഡിയൻ സന്ദർശനം തുടർച്ചയായി മൂന്നാം മാസവും വിദേശത്തു നിന്നുള്ള സന്ദർശകരുടെ എണ്ണം തുടർച്ചയായ ഏഴാം മാസവും കുറഞ്ഞു. ഇതേ കാലയളവിൽ, തുടർച്ചയായി നാലാം മാസവും യു.എസിൽ നിന്നും മടങ്ങിയെത്തിയ കനേഡിയൻ പൗരന്മാരുടെ എണ്ണത്തിൽ 29.1% കുറവ് രേഖപ്പെടുത്തി. അതേസമയം രാജ്യത്തേക്ക് മടങ്ങുന്ന കനേഡിയൻ പൗരന്മാരുടെ വിമാന യാത്ര 9.1% വർധിച്ചു. ഏകദേശം 36 ലക്ഷം കാനഡക്കാർ തിരിച്ചെത്തി.

ഏപ്രിലിൽ, കാനഡയിലെത്തിയ വിദേശ സഞ്ചാരികളിൽ യുണൈറ്റഡ് കിംഗ്ഡം (61,500 ആളുകൾ), ഫ്രാൻസ് (39,600), മെക്സിക്കോ (39,500) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറ്റവും കൂടുതൽ. കുറവ് ഉണ്ടായിട്ടും ഏപ്രിലിൽ കാനഡയിലേക്കുള്ള സന്ദർശകരിൽ ഭൂരിഭാഗവും ഇപ്പോഴും യുഎസിൽ നിന്നാണ് (76.7 ശതമാനം).