ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയിൽ ഇന്ധനവില ഇടിവ് പ്രവചിച്ച് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ്. ബുധനാഴ്ച രാത്രി ഇന്ധനവില ലിറ്ററിന് അഞ്ച് സെൻ്റ് കുറയുമെന്നും ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റായ ഡാൻ മക്ടീഗ് പറയുന്നു. ഇതോടെ മേഖലയിലെ ഇന്ധനവില ലിറ്ററിന് ശരാശരി 138.9 സെൻ്റായി കുറയും. വ്യാഴാഴ്ച ലിറ്ററിന് നാല് സെൻ്റ് കൂടി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയോടെ ജിടിഎയിലും തെക്കൻ ഒൻ്റാരിയോയിലും ഇന്ധനവില ലിറ്ററിന് ഏകദേശം 1.30 ഡോളറായി കുറയാൻ സാധ്യതയുണ്ടെന്നും മക്‌ടീഗ് പറയുന്നു.

ഇന്ധനവിലയിൽ ഇടിവ് ഇറാൻ-ഇസ്രയേൽ സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം എണ്ണ വിപണികളെ തടസ്സപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിൽ, ഈ ആഴ്ച ജിടിഎയിൽ ഒരു ലിറ്റർ സാധാരണ ഇന്ധനത്തിന്‍റെ ശരാശരി വില ലിറ്ററിന് 143.9 സെൻ്റ് എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.