ഓട്ടവ : സാൽമൊണെല്ല മലിനീകരണ സാധ്യതയുള്ള സലാമി കഴിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം 72 പേർ അസുഖബാധിതരായതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. സാൽമൊണെല്ല അണുബാധയെ തുടർന്ന് റിയ ബ്രാൻഡായ ജെനോവ സലാമി സ്വീറ്റ്, റിയ ബ്രാൻഡായ ജെനോവ സലാമി ഹോട്ട്, ബോണ ബ്രാൻഡായ മൈൽഡ് ജെനോവ സലാമി എന്നിവ ഹെൽത്ത് കാനഡ തിരിച്ചു വിളിച്ചിരുന്നു. രോഗബാധിതരിൽ 57 പേർ ആൽബർട്ടയിലും 14 പേർ ഒൻ്റാരിയോയിലും ഒരാൾ മാനിറ്റോബയിലുമാണ്. ഏപ്രിൽ പകുതി മുതൽ ജൂൺ പകുതി വരെ തയ്യാറാക്കിയ സലാമി കഴിച്ചവരിൽ മിക്ക ആളുകളും രോഗബാധിതരായതെന്ന് ഫെഡറൽ ഹെൽത്ത് ഏജൻസി റിപ്പോർട്ട് ചെയ്തു.

സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. സാൽമൊണെല്ലയുടെ ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉൾപ്പെടാം.