എഡ്മിന്‍റൻ : ഈസ്റ്റ് സെൻട്രൽ ആൽബർട്ടയിലെ നിരവധി കമ്മ്യൂണിറ്റികളിൽ അതിശക്തമായ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം ചുഴലിക്കാറ്റുകൾക്ക് കാരണമായേക്കാവുന്ന ശക്തമായ ഇടിമിന്നലിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതായി കാലാവസ്ഥാ ഏജൻസി പറയുന്നു. വലിയ ആലിപ്പഴം വീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലോയ്ഡ്മിൻസ്റ്റർ സിറ്റി, വൈൻറൈറ്റ്, വെർമില്യൺ, ഹാർഡിസ്റ്റി, പ്രൊവോസ്റ്റ് എന്നിവയുൾപ്പെടെ നിരവധി കമ്മ്യൂണിറ്റികളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ജനങ്ങൾ മൊബൈൽ വീടുകൾ, വാഹനങ്ങൾ, ടെന്റുകൾ, ട്രെയിലറുകൾ, മറ്റ് താൽക്കാലിക ഷെൽട്ടറുകൾ എന്നിവ ഉപേക്ഷിച്ച് സാധ്യമെങ്കിൽ ശക്തമായ ഒരു കെട്ടിടത്തിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചുഴലിക്കാറ്റ് ഉണ്ടായാൽ ബേസ്‌മെൻ്റ്, ബാത്ത്‌റൂം, പുറം മതിലുകളിൽ നിന്നും ജനാലകളിൽ നിന്നും അകലെ സുരക്ഷിത സ്ഥലത്ത് അഭയം പ്രാപിക്കണം.