ഓട്ടവ : കാനഡയിലെ രാജ്യാന്തര വിദ്യാർത്ഥി പ്രോഗ്രാമുമായി ബന്ധപ്പെട്ട വർക്ക് പെർമിറ്റുകൾക്കുള്ള യോഗ്യതാ പട്ടികയിൽ മാറ്റം വരുത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 178 പഠന മേഖലകളിലെ നോൺ-ഡിഗ്രി പ്രോഗ്രാമുകളിലെ വിദ്യാർത്ഥികൾക്ക് ഇനി പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് (PGWP) അർഹത ഉണ്ടായിരിക്കില്ലെന്ന് ഐആർസിസി അറിയിച്ചു. അതേസമയം വെട്ടിക്കുറച്ച പ്രോഗ്രാമുകളിൽ, കാനഡയിൽ തൊഴിൽ ക്ഷാമം നേരിടുന്ന തൊഴിലുകളുമായി ബന്ധമില്ലാത്തവയാണെന്ന് IRCC പറയുന്നു. എന്നാൽ, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം, വിദ്യാഭ്യാസം, വ്യാപാര മേഖലകൾ എന്നിവയുൾപ്പെടെ 119 മേഖലകളെ PGWP-ക്ക് അർഹതയുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ PGWP യോഗ്യതാ പട്ടികയിലുള്ള ആകെ പഠന മേഖലകൾ 920 ആയി.

2024 നവംബർ 1-നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ച, നോൺ-ഡിഗ്രി പ്രോഗ്രാമുകളിലെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മാത്രമേ പുതിയ മാറ്റങ്ങൾ ബാധകമാകൂ. അതായത് ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമുകളിൽ നിന്ന് ബിരുദം നേടിയവർക്ക് ഈ മാറ്റങ്ങൾ ബാധകമാകില്ല. 2025 ജൂൺ 25-നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ചവർക്കും യോഗ്യതാ പട്ടികയിലെ മാറ്റങ്ങൾ ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് IRCC-യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.