ടൊറൻ്റോ : നഗരത്തിലുടനീളം പോക്കറ്റടിക്കാരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പൊലീസ് സർവീസ് (TPS). നഗരത്തിൽ വേനൽക്കാല ആഘോഷങ്ങളും നഗരമധ്യത്തിലെ വലിയ കൂട്ടായ്മകളും നടക്കുന്നതിനാൽ മൊബൈൽ ഫോൺ മോഷണം അടക്കമുള്ളവയിൽ വലിയ വർധന ഉണ്ടായതായി പൊലീസ് പറയുന്നു.

മെയ്, ജൂൺ മാസങ്ങളിൽ ടൊറൻ്റോ നഗരമധ്യത്തിൽ മൊബൈൽ ഫോണുകൾ ലക്ഷ്യമിട്ടുള്ള പോക്കറ്റടി വർധിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ബാഗുകൾ, ബാക്ക്‌പാക്കുകൾ, പേഴ്‌സുകൾ, പോക്കറ്റുകൾ, സിപ്പ് ചെയ്ത കമ്പാർട്ടുമെന്റുകൾ എന്നിവയിൽ നിന്ന് പോലും പോക്കറ്റടിക്കാർ ഫോണുകൾ മോഷ്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആളുകളുടെ ശ്രദ്ധക്കുറവ് പോക്കറ്റടിക്കാർ മുതലെടുക്കുന്നതായി TPS പറയുന്നു.

വേനൽക്കാല ആഘോഷങ്ങൾ, മ്യൂസിക് ഷോ, പരേഡുകൾ, ഔട്ട്ഡോർ ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ പൊതുജനങ്ങൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ശരീരത്തോട് ചേർത്ത് സൂക്ഷിക്കണം. കൂടാതെ മൊബൈൽ ഫോണുകൾ പിൻ പോക്കറ്റുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.