ഹാലിഫാക്സ് : ഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക് ചർച്ച് തിരുക്കുടുംബ തിരുനാള്‍ ജൂലൈ 4 മുതൽ 6 വരെ ആഘോഷിക്കും. ജൂലൈ 4 വെളളിയാഴ്ച തിരുനാളിന് കൊടിയേറും. തുടർന്ന് വൈകിട്ട് നാലരയ്ക്ക് ജപമാലയും അഞ്ച് മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. ഡാരിസ് മൂലയില്‍ മുഖ്യകാർമ്മികത്വം വഹിക്കും.

ജൂലൈ അഞ്ച് ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യ സ്വീകരണദിനമായി ആചരിക്കും. മുന്‍ ഇടവക വികാരി റവ. ഫാ. ജോസഫ് കിഴക്കേടത്ത് ചടങ്ങുകള്‍ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഒപ്പം പ്രസുദേന്തി വാഴ്ച, നൊവേനയും അമ്പ് നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ആറ് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയും തിരുനാള്‍ പ്രദിക്ഷിണവും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് കേംബ്രിഡ്ജ് സെൻ്റ്. അൽഫോൻസാ ചര്‍ച്ച് വികാരി ഫാ. ബോബി ജോയി മുട്ടത്തുവാളയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കും പ്രദിക്ഷണത്തിനും ശേഷം സ്‌നേഹവിരുന്നും ഇടവകാംഗങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ ദിവസങ്ങളില്‍ അടിമ, കഴുന്ന്, അമ്പ് നേര്‍ച്ച എന്നിവ ചെയ്യാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 7 തിങ്കളാഴ്ച തിരുനാളിന് സമാപനമാകും. വൈകുന്നേരം അഞ്ചരയ്ക്ക് മരിച്ചവര്‍ക്ക് വേണ്ടിയുളള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെ തിരുനാളിന് കൊടിയിറങ്ങും. ഇടവക വികാരി റവ. ഫാ.ഡാരിസ് മൂലയില്‍ മുഖ്യകാർമ്മികത്വം വഹിക്കും.