കാൽഗറി : കാനഡ ദിനത്തില്‍ കാല്‍ഗറിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി എൻവയൺമെൻ്റ് കാനഡ. കാല്‍ഗറിയിലെ താപനില അടുത്ത രണ്ട് ദിവസത്തേക്ക് 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും രാത്രിയില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സ്ട്രാത്ത്മോര്‍, കാന്‍മോര്‍, ഡ്രംഹെല്ലര്‍ തുടങ്ങിയ പ്രദേശങ്ങളിൽ ബുധനാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. അതേസമയം വ്യാഴാഴ്ചയോടെ തണുത്ത കാലാവസ്ഥ വീണ്ടും വന്നെത്തുമെന്നും ഏജൻസി പ്രവചിക്കുന്നു.

കടുത്ത ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും. എന്നാൽ, പ്രായമായവർക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കും കൂടുതൽ ശ്രദ്ധ നൽകണം. തലവേദന, ഓക്കാനം, തലകറക്കം, ദാഹം, മൂത്രത്തിന് നിറം മാറ്റം, കടുത്ത ക്ഷീണം എന്നിവയാണ് കടുത്ത ചൂട് മൂലമുള്ള രോഗലക്ഷണങ്ങൾ. ഇവയില്‍ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഉടൻ ധാരാളം വെള്ളം കുടിക്കണം, തണല്‍ കണ്ടെത്തി വിശ്രമിക്കണം കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. സൂര്യപ്രകാശവും ചൂടും നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പറയുന്നു. ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങളും വീതിയുള്ള ബ്രിംഡ് തൊപ്പിയും ധരിക്കണം. കൂടാതെ പാർക്ക് ചെയ്‌ത വാഹനത്തിനുള്ളിൽ ആളുകളെ, പ്രത്യേകിച്ച് കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചാക്കരുത്, ഏജൻസി അഭ്യർത്ഥിച്ചു.