Sunday, August 17, 2025

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും: ഐആർസിസി

ഓട്ടവ : കാട്ടുതീയിൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട കനേഡിയൻ പൗരന്മാർക്ക് അവ സൗജന്യമായി മാറ്റി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. നവംബർ 30 വരെ കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും സ്ഥിര താമസ കാർഡുകൾ, പൗരത്വ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ എന്നിവയും മറ്റ് യാത്രാ രേഖകളും കാട്ടുതീ കാരണം നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ മാറ്റി നൽകും. കൂടാതെ ഏപ്രിൽ 1-നോ അതിനുശേഷമോ പ്രധാന ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നിർമ്മിക്കുന്നതിന് ഇതിനകം പണം നൽകിയിട്ടുണ്ടെങ്കിൽ, റീഫണ്ട് ലഭിക്കും. കൂടാതെ കാട്ടുതീയെ നേരിടാൻ കാനഡയിലേക്ക് വരുന്ന വിദേശ അടിയന്തര സേവന ഉദ്യോഗസ്ഥർക്കുള്ള അപേക്ഷാ ഫീസും ബയോമെട്രിക് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

കാട്ടുതീ ബാധിച്ച താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ ഇമിഗ്രേഷൻ രേഖകൾ സൗജന്യമായി പുതുക്കുന്നതിനും അവരുടെ ജോലി അല്ലെങ്കിൽ പഠന പെർമിറ്റ് പുനഃസ്ഥാപിക്കുന്നതിനും അർഹതയുണ്ടണെന്നും ഐആർസിസി അറിയിച്ചു. എന്നാൽ, ഓപ്പൺ വർക്ക് പെർമിറ്റിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വർക്ക് പെർമിറ്റ് ഉടമകൾക്ക് ഈ നടപടികൾ ബാധകമല്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം രണ്ടാമത്തെ കാട്ടുതീ സീസണായ ഈ വർഷത്തെ കാട്ടുതീയിൽ 37 ലക്ഷം ഹെക്ടർ ഭൂപ്രദേശം കത്തിനശിച്ചിട്ടുണ്ട്. ജൂലൈയിലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം ഏകദേശം 465 കാട്ടുതീകൾ കത്തുന്നുണ്ട്. ഇവയിൽ പലതും നിയന്ത്രണാതീതമാണെന്ന് കനേഡിയൻ ഇന്‍ററാജൻസി ഫോറസ്റ്റ് ഫയർ സെന്‍റർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!