ഓട്ടവ : രാജ്യതലസ്ഥാനത്തെ വെസ്റ്റ്ബോറോ ബീച്ചിനടുത്തുള്ള ഓട്ടവ നദിയിൽ ഒരാൾ മുങ്ങി മരിച്ചു. 6 വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തിയതായി ഓട്ടവ പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ അച്ഛനും കുട്ടിയും വെള്ളത്തിൽ മുങ്ങിയതായി വിവരം ലഭിച്ചതായി ഓട്ടവ പൊലീസ് സർവീസ് റിപ്പോർട്ട് ചെയ്തു.

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യയായ സോണാർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 2:25 ഓടെയാണ് രക്ഷാപ്രവർത്തകർ ആളെ കണ്ടെത്തിയതെന്ന് ഓട്ടവ ഫയർ സർവീസസ് മേധാവി പോൾ ഹട്ട് അറിയിച്ചു. എന്നാൽ, ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. നദിയുടെ സമീപത്തുണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതായി പൊലീസ് പറയുന്നു. കുട്ടിയെ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒൻ്റാരിയോ (CHEO)യിൽ പ്രവേശിപ്പിച്ചു. ഇരുവരും എങ്ങനെയാണ് വെള്ളത്തിൽ വീണതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ തടാകങ്ങൾ, നദികൾ, ജലപാതകൾ എന്നിവയ്ക്ക് സമീപം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. വെള്ളം പ്രവചനാതീതമാണ്, എല്ലാവരും ജാഗ്രത പാലിക്കുകയും കുട്ടികളെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ലൈഫ് ജാക്കറ്റുകൾ ധരിക്കുക, നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം നീന്തുക തുടങ്ങിയ ജല സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.