ടൊറൻ്റോ : നോർത്ത് യോർക്കിലുള്ള ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ എഗ്ലിന്‍റൺ അവന്യൂ ഈസ്റ്റിനും ക്രെഡിറ്റ് യൂണിയൻ ഡ്രൈവിനും സമീപമുള്ള വനപ്രദേശത്തുള്ള ക്യാമ്പിലാണ് തീപിടിത്തം. ഏകദേശം 40 അടി ഉയരത്തിൽ തീജ്വാലകൾ ഉയർന്നതായി ടൊറൻ്റോ ഫയർ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു. നിരവധി പ്രൊപ്പെയ്ൻ ടാങ്കുകളും കംപ്രസ് ചെയ്ത ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചതും ടൊറൻ്റോ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടെത്തി.

തുടർന്ന് നടന്ന പരിശോധനയിൽ ക്യാമ്പിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ക്യാമ്പിൽ നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അവയിൽ ചിലത് മരം കൊണ്ട് നിർമ്മിച്ചതും കാർഡ്ബോർഡ് കൊണ്ട് പൊതിഞ്ഞതുമാണ്, ജെസ്സോപ്പ് പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ടൊറൻ്റോ ഫയർ മാർഷൽ ഓഫീസും ടൊറൻ്റോ പൊലീസും അന്വേഷണം ആരംഭിച്ചു.