ഷിക്കാഗോ : പ്രശസ്ത അമേരിക്കൻ ചലച്ചിത്ര താരം മൈക്കൽ മാഡ്‌സെൻ നിര്യാതനായി. 67 വയസ്സായിരുന്നു. മാലിബുവിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്ന മാഡ്‌സെന് വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതായും പ്രാദേശിക സമയം രാവിലെ 8:25 ന് അദ്ദേഹം മരിച്ചതായും മാനേജർ സൂസൻ ഫെറിസ് അറിയിച്ചു.

റിസർവോയർ ഡോഗ്സ് (1992), കിൽ ബിൽ: 2 (2004), ദി ഹേറ്റ്ഫുൾ എയ്റ്റ് (2015), വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019), വാർ ഗെയിംസ് (1983), ദി നാച്ചുറൽ (1984), ദി ഡോർസ് (1991), തെൽമ & ലൂയിസ് (1991) , ഫ്രീ വില്ലി (1993), സ്പീഷീസ് (1995), ഡോണി ബ്രാസ്കോ (1997 ), ഡൈ അനദർ ഡേ (2002), സിൻ സിറ്റി (2005), സ്‌കറി മൂവി 4 (2006) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം പ്രശസ്തനായി.

1957 സെപ്റ്റംബർ 25-ന് ഷിക്കാഗോയിൽ ജനനം. അമ്മ എലെയ്ൻ ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരിയുമായിരുന്നു. പിതാവ് കാൽവിൻ ക്രിസ്റ്റ്യൻ മാഡ്‌സെൻ രണ്ടാം ലോകമഹായുദ്ധ നാവികസേനയിലെ സൈനികനും ഷിക്കാഗോ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥനുമായിരുന്നു.