ടൊറൻ്റോ : പ്രവിശ്യയിലെ പൊതുജനാരോഗ്യരംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി ഫോർഡ് സർക്കാർ. ഇതിൻ്റെ ഭാഗമായി ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ഓർത്തോപീഡിക് ശസ്ത്രക്രിയകൾ ചെയ്യാൻ സ്വകാര്യ ക്ലിനിക്കുകൾക്ക് അനുവാദം നൽകും. ഇതിനായി ആശുപത്രികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് തുടങ്ങിയതായി ഒൻ്റാരിയോ ആരോഗ്യമന്ത്രി സിൽവിയ ജോൺസ് അറിയിച്ചു.

ചികിത്സയ്ക്ക് രോഗികളിൽ നിന്നും ഈ സ്വകാര്യ ക്ലിനിക്കുകൾക്ക് ഫീസ് വാങ്ങാൻ അനുവാദമുണ്ട്. എന്നാൽ, ഒൻ്റാരിയോ പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ള ചികിത്സയ്ക്ക് രോഗികൾ പണം നൽകേണ്ടതില്ലെന്ന് സിൽവിയ ജോൺസ് വ്യക്തമാക്കി. അധിക സേവനങ്ങൾക്ക് പണം നൽകാൻ താൽപ്പര്യമില്ലാത്ത രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ സ്വകാര്യ ക്ലിനിക്കുകൾക്ക് അവകാശമില്ല.

ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി എംആർഐ-സിടി സ്കാനുകൾ, എൻഡോസ്കോപ്പി തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 57 സ്വകാര്യ ക്ലിനിക്കുകൾക്ക് അടുത്തിടെ പ്രവിശ്യാ സർക്കാർ ലൈസൻസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർത്തോപീഡിക് ശസ്ത്രക്രിയകൾ ചെയ്യാൻ ക്ലിനിക്കുകൾക്ക് അനുവാദം നൽകുന്നത്.