ഓട്ടവ : കഴിഞ്ഞ 11 വര്‍ഷത്തിനിടെ പതിനയ്യായിരത്തിലധികം വിദേശ പൗരന്മാരെ ക്രിമിനൽ ശിക്ഷകളിൽ നിന്നും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആൻ്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആർസിസി) ഒഴിവാക്കിയതായി റിപ്പോർട്ട്. അതേസമയം മാപ്പ് നൽകിയ കുറ്റകൃത്യങ്ങള്‍ ഏത് തരത്തിലുള്ളതാണെന്നതിനെ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. വിദേശികൾ കാനഡയിൽ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ അവരെ പൊതുവെ രാജ്യത്ത് തുടരാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ട് അഞ്ച് വര്‍ഷം കഴിയുകയോ ശിക്ഷ പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ ശിക്ഷയിൽ ഇളവ് വരുത്താൻ ഐആർസിസി-ക്ക് അധികാരമുണ്ട്.

2024 വരെയുള്ള 11 വര്‍ഷത്തിനുള്ളില്‍ വിദേശത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 17,600 പേർക്ക് ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ ഐആർസിസി പരിഗണിച്ചതായി ഫെഡറൽ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനർത്ഥം ഇവർക്ക് ജോലി, സ്റ്റുഡൻ്റ് വീസ ഉൾപ്പെടെ സ്ഥിര താമസക്കാരായോ സന്ദര്‍ശകരായോ കാനഡയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നതാണ്. എന്നാൽ, ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇമിഗ്രേഷന്‍ മന്ത്രി ഇടപെടാറുണ്ട്.

കഴിഞ്ഞ വര്‍ഷം 1,390 പേരുടെ ക്രിമിനല്‍ ശിക്ഷകള്‍ ഐആർസിസി ഒഴിവാക്കി. അതേസമയം 105 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 2023-ല്‍ 1,505 പേരുടെ ക്രിമിനൽ ശിക്ഷയിൽ നിന്നും ഒഴിവാക്കിയപ്പോൾ 70 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള പുനരധിവാസത്തിനുള്ള അപേക്ഷ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള തീരുമാനം സാധാരണയായി ഐആര്‍സിസി ഉദ്യോഗസ്ഥനാണ് എടുക്കുന്നത്. അതേസമയം കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഇമിഗ്രേഷന്‍, റഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് മന്ത്രിയാണ്.