ടൊറൻ്റോ : നഗരത്തിൽ ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടുത്തങ്ങൾ വർധിച്ചതായി ടൊറൻ്റോ സിറ്റി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ടൊറൻ്റോയിൽ ഇത്തരത്തിലുള്ള തീപിടുത്തങ്ങളിൽ 38% വർധനയാണ് രേഖപ്പെടുത്തിയത്. 2023-ൽ 55 ആയിരുന്നെങ്കിൽ 2024-ൽ 76 തീപിടുത്തങ്ങളും റിപ്പോർട്ട് ചെയ്തതായി ടൊറൻ്റോ ഫയർ സർവീസസ് പറയുന്നു. ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട് 2022-ൽ 29 തീപിടുത്തങ്ങൾ മാത്രമായിരുന്നു ഉണ്ടായത്.

അതേസമയം ഈ വർഷം ഏഴ് മാസത്തിനിടെ 43 ബാറ്ററി തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ടൊറൻ്റോ ഫയർ അറിയിച്ചു. ലിഥിയം-അയൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ പലതും തടയാവുന്നവയാണെന്ന് ടൊറൻ്റോ ഫയർ ചീഫ് ജിം ജെസ്സോപ്പ് പറയുന്നു. ബാറ്ററി തീപിടുത്തങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പൊതു സുരക്ഷാ കാമ്പെയ്ൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇ-ബൈക്കുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ പൊതുവേ സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബാറ്ററികൾ കേടായാലോ, കൃത്രിമം കാണിച്ചാലോ അവ അപകടകരമാകും, ജിം ജെസ്സോപ്പ് മുന്നറിയിപ്പ് നൽകി. ബാറ്ററി സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, അദ്ദേഹം നിർദ്ദേശിച്ചു.

ബാറ്ററി സുരക്ഷിതമായി ഉപയോഗിക്കാൻ ലിഥിയം-അയൺ ബാറ്ററി ചാർജ് ചെയ്യുമ്പോൾ കാണുന്നിടത്ത് സൂക്ഷിക്കുക, ബാറ്ററിയിൽ ഒരിക്കലും കൃത്രിമം കാണിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാതിരിക്കുക, സർട്ടിഫൈഡ്, നിർമ്മാതാവ് അംഗീകരിച്ച ബാറ്ററികളും ചാർജറുകളും മാത്രം ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ജിം ജെസ്സോപ്പ് മുന്നോട്ടുവയ്ക്കുന്നു. ദുർഗന്ധം, നിറവ്യത്യാസം, അമിതമായ ചൂട്, ആകൃതിയിലെ മാറ്റം, ചോർച്ച, വിചിത്രമായ ശബ്ദങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലിഥിയം-അയൺ ബാറ്ററി ഉപയോഗിക്കുന്നത് നിർത്തണം.
