വാഷിംഗ്ടൺ ഡി സി : അമേരിക്കയിലേക്കുള്ള ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എന്നാൽ, തീരുവ വർധന എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കൂടാതെ എന്നാൽ തീരുവ നടപ്പിലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും പ്രസിഡൻ്റ് ഇന്ന് ഒപ്പിട്ടിട്ടില്ല. ഫാർമസ്യൂട്ടിക്കൽസിലും ഉടൻ തീരുവ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറയുന്നു. എന്നാൽ ആ താരിഫുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് നിർമ്മാതാക്കൾക്ക് ഒരു വർഷം സമയം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈലുകൾ എന്നിവയ്ക്കുള്ള നിലവിലെ ഇറക്കുമതി നികുതികൾക്ക് പുറമെ മേഖലാ താരിഫുകളുടെ ഒരു പട്ടികയുമായി മുന്നോട്ട് പോകാൻ ട്രംപ് പദ്ധതിയിടുന്നു എന്നതിന്‍റെ സൂചനയാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കെതിരായ യുഎസ് തീരുവകൾ ബുധനാഴ്ച പ്രാബല്യത്തിൽ വരാനിരിക്കെ ട്രംപ് സമയപരിധി ഓഗസ്റ്റ് 1 ലേക്ക് നീട്ടിവച്ചിരുന്നു.