വാഷിംഗ്ടൺ ഡി സി : ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകൾക്കും മരുന്നുകൾക്കും കനത്ത തീരുവ പ്രഖ്യാപിക്കാൻ പദ്ധതിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മരുന്നുകളുടെ താരിഫ് നിരക്ക് 200 ശതമാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മരുന്നുകൾക്കുള്ള താരിഫുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് നിർമ്മാതാക്കൾക്ക് ഒരു വർഷം സമയം നൽകുമെന്ന് വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവെ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദേശ മരുന്നുകളുടെ ഉൽപാദനത്തെ വ്യാപകമായി ആശ്രയിക്കുന്നത് ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് പറഞ്ഞ ട്രംപ് ഭരണകൂടം താരിഫ് ചുമത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഏപ്രിലിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചെമ്പിനും 50% തീരുവ ചുമത്താൻ പദ്ധതിയിടുന്നതായി ട്രംപ് പറഞ്ഞിരുന്നു. ഇലക്ട്രോണിക്സ്, ക്ലീൻ എനർജി എന്നിവയുടെ വിതരണ ശൃംഖലയിലെ പ്രധാന ഘടകമായ ലോഹത്തിന്‍റെ യുഎസ് ഇറക്കുമതിയെക്കുറിച്ച് ട്രംപ് ഭരണകൂടം സെക്ഷൻ 232 എന്നറിയപ്പെടുന്ന അന്വേഷണം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

ഫാർമസ്യൂട്ടിക്കൽ താരിഫുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ മാസാവസാനം അറിയിക്കുമെന്ന് കാബിനറ്റ് യോഗത്തിന് ശേഷം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. ഫാർമസ്യൂട്ടിക്കൽസും സെമികണ്ടക്ടറുകളും സംബന്ധിച്ച പഠനങ്ങൾ മാസാവസാനത്തോടെ പൂർത്തിയാകും, അതിനാൽ പ്രസിഡൻ്റ് തന്‍റെ നയങ്ങൾ പിന്നീട് തീരുമാനിക്കും, അദ്ദേഹം വ്യക്തമാക്കി.