വിനിപെഗ് : മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലാണ് സംഭവം. രണ്ട് ചെറിയ, ഒറ്റ എഞ്ചിൻ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളിലെയും രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് മരിച്ചതായി ആർസിഎംപി അറിയിച്ചു. രണ്ട് വിമാനങ്ങളിലും യാത്രക്കാരില്ലായിരുന്നു.

ആർസിഎംപി, അഗ്നിശമന സേന, എമർജൻസി മെഡിക്കൽ സർവീസുകൾ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്ത് നിന്നും വിമാനവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് മാനിറ്റോബ ആർസിഎംപി അറിയിച്ചു.