റെജൈന : കാട്ടുതീ പുക വ്യാപിച്ചതോടെ റെജൈനയിലും പരിസര പ്രദേശങ്ങളിലും വായൂമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) റിപ്പോർട്ട് ചെയ്തു. രാവിലെ 10 മണിക്ക് റെജൈനയിലെ വായു ഗുണനിലവാര സൂചിക മിതമായ അപകടസാധ്യതയുള്ള ആറിലായിരുന്നു. എന്നാൽ ഉച്ചയോടെ വളരെ ഉയർന്ന അപകടസാധ്യതയുള്ള 10+ ആയി വർധിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ പ്രവിശ്യയിൽ 57 കാട്ടുതീകൾ കത്തിപ്പടരുന്നുണ്ട്. അതിൽ 14 എണ്ണം നിയന്ത്രണവിധേയമല്ലെന്ന് സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA) റിപ്പോർട്ട് ചെയ്തു.

വായൂമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ വീടിനു വെളിയിലുള്ള പ്രവർത്തനങ്ങൾ കുറയ്‌ക്കണമെന്നും ഔട്ട്ഡോർ സ്പോർട്സ്, പ്രവർത്തനങ്ങൾ, പരിപാടികൾ എന്നിവ പുനഃക്രമീകരിക്കുന്നത് പരിഗണിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. കാട്ടുതീയിൽ നിന്നുള്ള പുക ശ്വാസകോശത്തിനും ആരോഗ്യത്തിനും ഹാനികരമാണ്. കാട്ടുതീ പുകയിൽ സൂക്ഷ്മ കണികകളും വിഷവസ്തുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസകോശത്തെയും രക്തയോട്ടത്തെയും ബാധിക്കുമെന്നും ECCC മുന്നറിയിപ്പ് നൽകി.