എഡ്മിന്‍റൻ : ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ നിരക്കിനേക്കാൾ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ജൂണിലെ ലേബർ ഫോഴ്‌സ് സർവേയിൽ ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമാണെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ഇത് ദേശീയ നിരക്കായ 6.9 ശതമാനത്തേക്കാൾ താഴെയും മെയ് മാസത്തിൽ പ്രവിശ്യയിൽ രേഖപ്പെടുത്തിയ 7.4 ശതമാനത്തേക്കാൾ വളരെ കുറവുമാണ്. കൂടാതെ ആൽബർട്ടയിലെ തൊഴിലവസരങ്ങൾ 30,000 (1.2 ശതമാനം) വർധിച്ചു. മൂന്ന് മാസത്തിനിടയിലെ രണ്ടാമത്തെ വർധനവാണിത്.

ആൽബർട്ട നഗരങ്ങളെ നോക്കുമ്പോൾ, എഡ്മിന്‍റനിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്നത്. കാൽഗറി ഒട്ടും പിന്നിലല്ല. മുൻ മാസത്തെ 7.3 ശതമാനത്തിൽ നിന്ന് വലിയ മാറ്റമൊന്നുമില്ലാതെ എഡ്മിന്‍റനിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി. ജൂണിൽ കാൽഗറിയുടെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായിരുന്നു. മെയ് മാസത്തിലെ 7.8 ശതമാനത്തിൽ നിന്ന് നേരിയ കുറവ് രേഖപ്പെടുത്തിയതായും ഫെഡറൽ ഏജൻസി അറിയിച്ചു. അതേസമയം റെഡ് ഡീറിൽ, തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറഞ്ഞപ്പോൾ ലെത്ത്ബ്രിഡ്ജിലെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി തുടരുന്നു.