ഓട്ടവ : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കുടിയേറ്റ നിയന്ത്രണങ്ങള്‍ കർശനമാക്കിയതോടെ യുഎസില്‍ നിന്നും കാനഡയില്‍ അഭയം തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ജൂലൈയിലെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം എഴുന്നൂറ്റി അമ്പതിലധികം പേർ ന്യൂയോര്‍ക്കിനും കെബെക്കിനും ഇടയിലുള്ള സെൻ്റ്-ബെർണാർഡ്-ഡി-ലാക്കോൾ അതിർത്തി ക്രോസിങ് വഴി അഭയം തേടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്ഇ) റിപ്പോർട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനത്തിലധികം വര്‍ധനയാണ് കാനഡയിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളതെന്നും സിബിഎസ്ഇ അറിയിച്ചു. മെയ് മാസത്തിൽ ഇത് 638 ആയിരുന്നു. അതായത് പ്രതിദിനം ശരാശരി 125 പേർ.

ജൂലൈ 6 വരെ യുഎസ്-കാനഡ അതിർത്തി വഴി കാനഡയിൽ അഭയം തേടിയവരിൽ ഏറ്റവും കൂടുതൽ ആളുകൾ ഹെയ്തി പൗരന്മാരാണ്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം അതിർത്തി വഴി കാനഡയിൽ അഭയം തേടുന്നവരില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഹെയ്തി, വെനസ്വേല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊളംബിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും യുഎസ് പൗരന്മാരുമടക്കം കാനഡയിൽ അഭയം തേടുന്നുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

സമീപ മാസങ്ങളിലായി അമേരിക്കന്‍ അധികാരികള്‍ കുടിയേറ്റ അറസ്റ്റുകള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അഭയാര്‍ത്ഥികള്‍ കാനഡയിലേക്ക് ഒഴുകിയെത്തുന്നത്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല, മറ്റ് രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിന് ആളുകള്‍ താമസിക്കാനും ജോലി ചെയ്യാനും വര്‍ഷങ്ങളായി അമേരിക്ക അവസരമൊരുക്കിയിരുന്നു. എന്നാൽ, ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കി. ഇതോടെ അനധികൃത കുടിയേറ്റക്കാരും വിദേശ പൗരന്മാരും യുഎസിൽ നിന്നും കൂട്ടമായി ഒഴിയുന്നതിന് നിര്‍ബന്ധിതരായി.