വൻകൂവർ : നിയന്ത്രണാതീതമായി കത്തിപ്പടരുന്ന യങ് ക്രീക്ക് കാട്ടുതീയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ കത്തീഡ്രലിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. കത്തീഡ്രൽ പ്രൊവിൻഷ്യൽ പാർക്കിന്‍റെ അതിർത്തിയായ അഷ്‌നോള റോഡിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെ വരെ കാട്ടുതീ എത്തിയതായി ഒകനാഗൻ-സിമിൽകമീൻ റീജനൽ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍റർ (RDOS EOC) അറിയിച്ചു. കത്തീഡ്രൽ ലേക്ക് ലോഡ്ജ്, ലേക്ക് ഓഫ് ദി വുഡ്സ് ക്യാമ്പ് ഗ്രൗണ്ട്, ട്വിൻ ബട്ട്സ് ക്യാമ്പ് ഗ്രൗണ്ട്, കത്തീഡ്രൽ ലേക്ക്, പിരമിഡ് ലേക്ക്, ലേഡിസ്ലിപ്പർ ലേക്ക് എന്നിവ ഒഴിപ്പിക്കൽ മേഖലയിൽ ഉൾപ്പെടുന്നു.

ജൂലൈ 11 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കാട്ടുതീ കണ്ടെത്തിയത്. ഇപ്പോൾ അത് 50 ഹെക്ടർ വിസ്തൃതിയിൽ കത്തിപ്പടർന്നിട്ടുണ്ടെന്ന് ബിസി വൈൽഡ് ഫയർ സർവീസ് അറിയിച്ചു. നിലവിൽ 34 അഗ്നിശമന സേനാംഗങ്ങളും രണ്ട് ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു.