കീവ് : യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണെന്നും അധികൃതർ അറിയിച്ചു.

തെക്കുപടിഞ്ഞാറൻ യുക്രെയ്‌നിലെ ചെർനിവ്‌സി മേഖലയിലെ ബുക്കോവിന പ്രദേശത്ത് ഡ്രോണുകളും മിസൈലും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജനൽ ഗവർണർ റസ്ലാൻ സപാരാനിയുക്ക് പറഞ്ഞു. പടിഞ്ഞാറൻ ലിവിവ് മേഖലയിൽ നടന്ന മറ്റൊരു ഡ്രോൺ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റതായി റീജനൽ ഗവർണർ മാക്‌സിം കൊസിറ്റ്‌സ്‌കി റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ യുക്രെയ്‌നിലെ ഖാർകിവിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ ശനിയാഴ്ച രാവിലെ നടന്ന മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ സെർഹി ലിസാക് പറഞ്ഞു. സുമി മേഖലയിൽ ശനിയാഴ്ച രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം ശനിയാഴ്ച രാത്രി വരെ 33 യുക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലും യുക്രെയ്നിന്‍റെ അതിർത്തിയിലുള്ള കുർസ്ക് മേഖലയിലും ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.