ടൊറന്റോ : ഇ-കോളി ബാക്ടീരിയയുടെ ഉയർന്ന അളവ് കാരണം നഗരത്തിലെ രണ്ട് ബീച്ചുകളിൽ നീന്തുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി അധികൃതർ. സണ്ണിസൈഡ് ബീച്ചിൽ ഞായറാഴ്ച ശേഖരിച്ച ജല സാമ്പിളുകളിൽ 100 മില്ലിലിറ്റർ വെള്ളത്തിൽ 344 ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. ടൊറന്റോ സിറ്റി നിശ്ചയിച്ച 100 മില്ലിലിറ്റർ വെള്ളത്തിൽ 100 ഇ-കോളി ബാക്ടീരിയ എന്ന അളവിലും വളരെ കൂടുതലാണിത്. ഇതോടെ ബീച്ചിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മാരി കർട്ടിസ് പാർക്ക് ഈസ്റ്റ് ബീച്ചിൽ ഞായറാഴ്ച രേഖപ്പെടുത്തിയ ഇ-കോളി ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്റർ വെള്ളത്തിൽ 34 ഇ-കോളി ആയിരുന്നു. എന്നാൽ, കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഇ-കോളിയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ടെന്ന് പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. അതിനാൽ, ബീച്ചിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ദിവസേനയുള്ള പരിശോധനാ ഫലങ്ങൾ മാത്രം ആശ്രയിക്കരുതെന്നും, മഴയുടെ അളവ്, കാറ്റ്, ജലത്തിലെ പക്ഷികളുടെ സാന്നിധ്യം എന്നിവ കൂടി പരിഗണിച്ച് സ്വയം തീരുമാനമെടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചൂടുവെള്ളത്തിലും നനഞ്ഞ മണലിലും ബാക്ടീരിയയുടെ അളവ് വേഗത്തിൽ വർധിക്കാമെന്നും അവർ ഓർമ്മിപ്പിക്കുന്നു.