ടൊറൻ്റോ : വടക്കൻ ഒൻ്റാരിയോയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക ടൊറൻ്റോയിലടക്കം വായുമലിനീകരണത്തിന് കാരണമാകുന്നതായി എൻവയൺമെൻ്റ് കാനഡ. കാട്ടുതീ പുക വായു ഗുണനിലവാരം മോശമാക്കുകയും ദൃശ്യപരത കുറയാൻ കാരണമാവുകയും ചെയ്യുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

വടക്കൻ ഒൻ്റാരിയോയിലെ കാട്ടുതീയിൽ നിന്നുള്ള പുക ടൊറൻ്റോ നഗരത്തിലേക്ക് എത്തിയതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇത് വായു ഗുണനിലവാരം ഗണ്യമായി വഷളാകാൻ കാരണമാകുമെന്നും ഏജൻസി അറിയിച്ചു. കാട്ടുതീ പുകയുടെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരിൽ 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ രോഗങ്ങളോ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവരും ഉൾപ്പെടുന്നു. ഇവർ ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ കഠിനമായ പുറം ജോലികൾ ഒഴിവാക്കണമെന്നും ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ടൊറൻ്റോയിൽ തിങ്കളാഴ്ച പകൽ താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഈർപ്പത്തിനൊപ്പം 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ ആയിരിക്കും നഗരത്തിൽ അനുഭവപ്പെടുക. പകൽ താപനില 32 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കും. ഒപ്പം ഹ്യുമിഡെക്സ് 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. അതേസമയം വ്യാഴാഴ്ചയോടെ താപനില കുറയുമെന്ന് കരുതുന്നു. വ്യാഴാഴ്ച ടൊറന്റോയിൽ മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ട്, പകൽ താപനില 29 ഡിഗ്രി സെൽഷ്യസായി കുറയും.