വാഷിംഗ്ടൺ ഡി സി : റഷ്യക്കെതിരെ താരിഫ് ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 50 ദിവസത്തിനുള്ളിൽ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയില്ലെങ്കിൽ റഷ്യക്കെതിരെ തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

“50 ദിവസത്തിനുള്ളിൽ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഞങ്ങൾ വളരെ കടുത്ത താരിഫുകൾ ഏർപ്പെടുത്താൻ പോകുന്നു,” ട്രംപ് പറഞ്ഞു. അതേസമയം താരിഫുകൾ എങ്ങനെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താൻ വ്യാപാരത്തെ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും യുദ്ധങ്ങൾ പരിഹരിക്കുന്നതിന് ഇതൊരു മാർഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.