ഹാലിഫാക്സ് : നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സിലും മാരിടൈംസിലെ മിക്ക പ്രദേശങ്ങളിലും കനത്ത ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. നോവസ്കോഷ മെയിൻലാൻഡ്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂബ്രൺസ്വിക്കിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നോവസ്കോഷയിൽ പകൽ സമയത്ത് 29 മുതൽ 33 ഡിഗ്രി വരെ താപനില ഉയരും. എന്നാൽ, ഈർപ്പത്തിനൊപ്പം ചൂട് 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാമെന്നും ഏജൻസി പറയുന്നു. ബുധനാഴ്ചയായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസം. പ്രവിശ്യയുടെ ഉൾനാടൻ പ്രദേശങ്ങളിൽ 31 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും താപനില. അതേസമയം തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നിന്ന് ആശ്വാസം ലഭിക്കുന്നത് തീരപ്രദേശങ്ങളായിരിക്കും. വാരാന്ത്യത്തിൽ നോവസ്കോഷയിലുടനീളം ഈർപ്പം കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.
