വിനിപെഗ് : കാട്ടുതീ ഭീഷണി നേരിടുന്ന വടക്കൻ മാനിറ്റോബ കമ്മ്യൂണിറ്റിയിൽ നിന്നും ആയിരത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി കനേഡിയൻ സായുധ സേന. കാട്ടുതീ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ ആഴ്ച മാനിറ്റോബ പ്രവിശ്യാതലത്തിൽ രണ്ടാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച മുതൽ സിസി-130 ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഗാർഡൻ ഹിൽ ഫസ്റ്റ് നേഷനിൽ നിന്ന് ആളുകളെ സൈന്യം ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആയിരത്തിഅഞ്ഞൂറിലധികം പേരെ വിനിപെഗിൽ എത്തിച്ചതായി സൈന്യം അറിയിച്ചു. അതേസമയം പ്രവിശ്യയിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും അനുകൂല കാലാവസ്ഥ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുമെന്നും അവർ പറയുന്നു. ഗാർഡൻ ഹിൽ വിടാൻ ഇനി ആരും കാത്തിരിക്കുന്നില്ലെന്നും, മറ്റാർക്കെങ്കിലും വിമാനം ആവശ്യമായി വന്നാൽ വിനിപെഗിൽ സിസി-130 ഹെർക്കുലീസ് വിമാനം സജ്ജമാണെന്നും ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് ക്യാപ്റ്റൻ വ്യാറ്റ് ഷോർട്ടർ പറഞ്ഞു. വിനിപെഗിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ഗാർഡൻ ഹിൽ ഫസ്റ്റ് നേഷൻ സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗം ഇവിടേക്ക് പ്രവേശിക്കാൻ കഴിയില്ല.