ഓട്ടവ : സാൽമൊണെല്ല മലിനീകരണ സാധ്യതയുള്ളതിനാൽ റിയ ബ്രാൻഡ് സ്വീറ്റ് സോപ്രെസാറ്റ സലാമി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) തിരിച്ചു വിളിച്ചു. ഗ്രോസറി സ്റ്റോറുകളിൽ വിൽക്കുന്ന സാൻഡ്‌വിച്ചുകളിലും മറ്റും ഉൾപ്പെട്ട പന്നിയിറച്ചി മാംസവുമായി ബന്ധപ്പെട്ട സാൽമൊണെല്ല പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ഏറ്റവും പുതിയ തിരിച്ചുവിളിക്കൽ. യൂണിവേഴ്സൽ പ്രോഡക്റ്റ് കോഡ് 841571 042200 ഉള്ള ഈ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ജൂൺ പത്തിന് റിയ ബ്രാൻഡ് ജെനോവ സലാമി സ്വീറ്റ്, റിയ ബ്രാൻഡ് ജെനോവ സലാമി ഹോട്ട്, ബോണ ബ്രാൻഡ് മൈൽഡ് ജെനോവ സലാം എന്നിവ കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി (PHAC) തിരിച്ചു വിളിച്ചിരുന്നു.

സാൽമൊണെല്ല ബാക്റ്റീരിയ കലർന്ന റിയ ബ്രാൻഡ് സലാമികൾ കഴിച്ചതിനെ തുടർന്ന് ഏപ്രിൽ മുതൽ, 84 പേർക്ക് അസുഖം പിടിപെട്ടു. ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് PHAC പറയുന്നു. ജൂലൈ 11 വരെ ആൽബർട്ടയിൽ 67 പേർക്കും ഒൻ്റാരിയോയിൽ 15 പേർക്കും മാനിറ്റോബയിൽ ഒരാൾക്കും രോഗം ബാധിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു രോഗം ആൽബർട്ടയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടതാണ്.

സാൽമൊണെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയങ്ങൾ മൂലം മനുഷ്യരെ ബാധിക്കുന്ന രോഗാവസ്ഥയാണ് സാൽമണെല്ലോസിസ് (Salmonellosis). പനി, ഛർദ്ദി, വയറിളക്കം, കഠിനമായ വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. നിർജ്ജലീകരണത്തിനും സാധ്യതയുണ്ട്. വളരെ പ്രായമായവരിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം അപകടകരമായിത്തീരാറുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒരു ദിവസത്തിനകം തന്നെ ചെറുകുടലിൽ ബാകടീരിയ പെരുകുകയും വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണുകയും ചെയ്യുന്നു. കൊഴുപ്പും പഴുപ്പും രക്തവും കലർന്ന മലം പ്രധാന ലക്ഷണമാണ്.