സനാ: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.
വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇന്നലെയും ഇന്നുമായി തീവ്രമായ ചര്‍ച്ചകളാണ് യെമനില്‍ നടന്നത്. വടക്കന്‍ യെമനില്‍ നടന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലഡ് മണി (ദയാധനം) സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നല്‍കണമെന്നും വധശിക്ഷ ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ചര്‍ച്ചകളില്‍ നിര്‍ദ്ദേശമുണ്ടായി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. യെമനിലെ സുന്നി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ വഴിയാണ് കാന്തപുരം ഈ വിഷയത്തില്‍ ഇടപെട്ടത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുള്‍ റഹ്‌മാന്‍ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലായിരുന്നു. എന്നാല്‍, കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തലാലിന്റെ കുടുംബം തങ്ങളുടെ നിലപാടില്‍ പുനര്‍വിചിന്തനം നടത്താന്‍ തയ്യാറായതായി സൂചനയുണ്ട്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.
2017 ജൂലൈ 25-നാണ് നിമിഷപ്രിയ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയത്. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് തലാല്‍ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ കൃത്യം ചെയ്തതെന്നാണ് നിമിഷപ്രിയയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്നും, മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.