ജലന്ധർ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങിന്‍റെ മരണത്തിൽ കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ജലന്ധറിനു സമീപം ബിയാസ് പിൻഡ് ഗ്രാമത്തിൽ വാഹനമിടിച്ചാണ് 114 വയസ്സുണ്ടായിരുന്ന ഫൗജ സിങ് മരിച്ചത്. തന്റെ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം കാനഡയിൽ താമസിക്കുന്ന 26 വയസ്സുള്ള അമൃത്പാൽ സിങ് ധില്ലനാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ജൂൺ 23-നാണ് അമൃത്പാൽ സിങ് ധില്ലൺ ഇന്ത്യയിലെത്തിയത്.

“ടർബൻഡ് ടൊർണാഡോ” എന്ന് വിളിപ്പേരുള്ള ഫൗജ സിങ് 1911 ഏപ്രിൽ ഒന്നിനാണ് ജനിച്ചത്. അഞ്ചു വയസ് വരെ നടക്കാൻ ബുദ്ധിമുട്ടിയിരുന്ന സിങ് അത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് ലോകശ്രദ്ധ ആകർഷിച്ച മാരത്തൺ വിജയങ്ങൾ നേടിയത്. കൃഷിക്കാരനായ അദ്ദേഹം ഭാര്യ മരിച്ച ശേഷം 1992-ൽ ലണ്ടനിലേക്കു കുടിയേറി. അതിനുശേഷമാണ് അദ്ദേഹം മാരത്തൺ ഓട്ടം പതിവാക്കിയത്. 2000-ലാണ് ഫൗജ സിങ് ഗൗരവമായ പരിശീലനം ആരംഭിച്ചത്. അപ്പോൾ പ്രായം 89. ആ വർഷം തന്നെ 6 മണിക്കൂർ 54 മിനിറ്റിൽ ലണ്ടൻ മാരത്തൺ ഓടി. പിന്നെ ഒരു പതിറ്റാണ്ടോളം കായിക നേട്ടങ്ങൾ ആയിരുന്നു. ന്യൂയോർക്ക്, ടൊറൻ്റോ, മുംബൈ, ഹോങ്കോങ് എന്നിങ്ങനെ വൻ നഗരങ്ങളിൽ സിങ് വിസ്മയം സൃഷ്ടിച്ചു. 2003-ൽ ടൊറൻ്റോ വാട്ടർഫ്രണ്ട് മാരത്തണിൽ 5 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ഓടിയെത്തി ചരിത്രം കുറിച്ചു. തുടർന്ന് 100 വയസിൽ 2011-ൽ ടൊറൻ്റോ മാരത്തണിൽ അദ്ദേഹം വിജയം ആവർത്തിച്ചു.