ഷിക്കാഗോ : ഫൊക്കാന സ്ഥാപക പ്രസിഡൻ്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റു കൂടിയായ ഡോ. അനിരുദ്ധൻ മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. നോർക്ക, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ ചേര്‍ത്തല സ്വദേശി നിഷ. മക്കള്‍ ഡോ. അനൂപ്, അരുൺ.

കൊല്ലം ഓച്ചിറ സ്വദേശിയായ അനിരുദ്ധൻ കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. തുടർന്ന് രസതന്ത്രത്തിൽ ഗവേഷണത്തിനായി 1973-ൽ അമേരിക്കയിലെത്തി. ടെക്സസ് എ ആൻഡ് എം സർവകലാശാലയിൽ ആണവ രസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അധ്യാപകനായിരുന്നു. തുടർന്ന് ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്ഡി എടുത്തു. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിൻ്റെ ഗവേഷണവിഭാഗം തലവനായി പത്ത് വർഷം സേവനമനുഷ്ഠിച്ചു. 1983-ൽ കെ ആർ നാരായണൻ അംബാസഡറായിരിക്കെ, അദ്ദേഹത്തിൻ്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ‘ഫൊക്കാന’യ്ക്ക് രൂപം നൽകി. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു.

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ്റെ (എഫ്‌ഡിഎ) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യുഎസ്എയിലെ നാഷണൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷൻ മികച്ച ആർ ആൻഡ് ഡി ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. കൂടാതെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.