ഓട്ടവ : ഒൻ്റാരിയോയിലെ വിൻസർ മുതൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തലസ്ഥാനമായ സെൻ്റ് ജോൺസ് വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ദക്ഷിണ കിഴക്കൻ കാനഡയുടെ 2,400 കിലോമീറ്റർ ദൂരത്തിൽ ഇന്ന് രാവിലെ മുതൽ കൊടുംചൂടായിരിക്കും അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ പകൽസമയത്ത് 31-നും 34-നും ഇടയിൽ താപനില ഉയരും. എന്നാൽ, ഈർപ്പത്തിനൊപ്പം ചൂട് 37 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാകും. നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഹേ റിവർ മേഖലയിൽ താപനില 28 മുതൽ 31 വരെ എത്തുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, തെക്കൻ ഒൻ്റാരിയോയിലും തെക്കൻ കെബെക്കിലും ഇന്ന് വൈകുന്നേരത്തോടെ ഉഷ്ണതരംഗം താൽക്കാലികമായി അവസാനിച്ച് തണുത്ത കാലാവസ്ഥ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കാനഡയുടെ കിഴക്കൻ മേഖലയിൽ ചൂടുള്ള കാലാവസ്ഥ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും.

കടുത്ത ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും. എന്നാൽ, പ്രായമായവർക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കും കൂടുതൽ ശ്രദ്ധ നൽകണം. തലവേദന, ഓക്കാനം, തലകറക്കം, ദാഹം, മൂത്രത്തിന് നിറം മാറ്റം, കടുത്ത ക്ഷീണം എന്നിവയാണ് കടുത്ത ചൂട് മൂലമുള്ള രോഗലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടൻ ധാരാളം വെള്ളം കുടിക്കണം, തണൽ കണ്ടെത്തി വിശ്രമിക്കണം, കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പറയുന്നു. ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങളും വീതിയുള്ള ബ്രിംഡ് തൊപ്പിയും ധരിക്കണം. കൂടാതെ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ആളുകളെ, പ്രത്യേകിച്ച് കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചാക്കരുത്, ഏജൻസി അഭ്യർത്ഥിച്ചു.
