വൻകൂവർ : കനത്ത ചൂടിനെ മറികടക്കാൻ മെട്രോ വൻകൂവർ ബീച്ചുകളിൽ എത്തുന്നവർ വൻകൂവർ കോസ്റ്റൽ ഹെൽത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം. ഇ.കോളി ബാക്ടീരിയ കാരണം അഞ്ച് പ്രാദേശിക ബീച്ചുകളിൽ നീന്തൽ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ, വെസ്റ്റ് വൻകൂവറിലെ ഡണ്ടറാവേ ബീച്ച്, സൺസെറ്റ് ബീച്ച്, തേർഡ് ബീച്ച്, വൻകൂവറിലെ ട്രൗട്ട് ലേക്ക്, ലയൺസ് ബേ എന്നിവിടങ്ങളിലാണ് നീന്തൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ബീച്ചുകളിൽ സന്ദർശകർ നീന്തരുതെന്ന് പറയുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 100 മില്ലി ലിറ്റർ ജലസാമ്പിളിൽ ഇ.കോളി ബാക്ടീരിയയുടെ എണ്ണം നാനൂറിൽ കൂടുമ്പോഴാണ് നീന്തൽ നിരോധനം നടപ്പിലാക്കുന്നത്.

അതേസമയം മെട്രോ വൻകൂവറിലെ ഇംഗ്ലീഷ് ബേ, കിറ്റ്സിലാനോ ബീച്ച്, ആംബിൾസൈഡ് ബീച്ച്, സെക്കൻഡ് ബീച്ച്, സാൻഡി കോവ്, സാൻഡി ബീച്ച്, ഈഗിൾ ഹാർബർ എന്നിവിടങ്ങളിൽ സന്ദർശകർക്ക് നീന്താൻ സാധിക്കുമെന്ന് ആരോഗ്യ അതോറിറ്റി പറയുന്നു.

ഉഷ്ണ രക്തമുള്ള ജീവികളുടെ വൻകുടലിനുള്ളിൽ കാണപ്പെടുന്ന ഒരിനം നെഗറ്റീവ് ബാക്ടീരിയയാണ് ഇ-കോളി. മനുഷ്യന്‍റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും വിസർജ്യത്തിലും മലിന ജലത്തിലും ഇവ കാണപ്പെടുന്നു. വയറിളക്കം, ഓക്കാനം, വയറുവേദന, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഈ ബാക്ടീരിയ ഉള്ളില്‍ കയറിയാൽ ചിലപ്പോള്‍ മരണം വരെ സംഭവിക്കാം.