ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് മൂലമുള്ള സാമ്പത്തിക അനിശ്ചിതത്വം കാനഡയിലെ യുവതലമുറയെ ബാധിക്കുന്നതായി പുതിയ റിപ്പോർട്ട്. യുവാക്കൾ ഇതിനോടകം തന്നെ കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും നേരിടുകയാണ്. അമേരിക്കയുമായുള്ള നിലവിലെ വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജീവിതച്ചെലവ്, സാമ്പത്തിക ആസൂത്രണം, കടം തുടങ്ങിയ വിഷയങ്ങളിൽ കനേഡിയൻ യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

സാമ്പത്തിക അനിശ്ചിതത്വം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ചെറുപ്പക്കാരും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുമാണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 18-34 വയസ്സ് പ്രായമുള്ളവരിൽ പകുതിയോളം (45%) പേരും തങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവിക്കുന്നരാണെന്നും റിപ്പോർട്ടിൽ പറയുന്നു. താരിഫ് പ്രതിസന്ധി മൂലം അടിസ്ഥാനആവശ്യങ്ങൾക്കുള്ള പണം പോലും കണ്ടെത്താൻ യുവാക്കൾ ബുദ്ധിമുട്ടുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.