ടൊറൻ്റോ : വ്യാഴാഴ്ച സ്കാർബ്റോ പ്ലാസയിൽ നടന്ന വെടിവയ്പിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. രാത്രി എട്ടുമണിയോടെ കെന്നഡി റോഡിലെ ഷെപ്പേർഡ് അവന്യൂ ഈസ്റ്റ് മേഖലയിലാണ് വെടിവെപ്പ് നടന്നതെന്ന് ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്) റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രക്ഷപ്പെട്ട മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിനെ തുടർന്നാണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ 20 വയസ്സുള്ള യുവതി ഇതിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക്കുകൾ പറയുന്നു. ഒരാൾക്ക് ജീവന് ഭീഷണിയുള്ള നിലയിലും മറ്റൊരാൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലാത്ത നിലയിലുമാണ്. അന്വേഷണം പുരോഗമിക്കുന്നു.