ഹാലിഫാക്സ് : സസ്കാച്വാനിൽ അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഗ്നിശമന സേനാംഗങ്ങളെ അയച്ച് നോവസ്കോഷ. 20 പേരടങ്ങുന്ന സംഘം ശനിയാഴ്ച സാസ്കറ്റൂണിലേക്ക് പറക്കും. ഈ കാട്ടുതീ സീസണിൽ രണ്ടാം തവണയാണ് നോവസ്കോഷ സർക്കാർ സസ്കാച്വാനിലേക്ക് അഗ്നിശമന സേനാംഗങ്ങളെ അയയ്ക്കുന്നത്. മെയ് അവസാനം നോവസ്കോഷ അഗ്നിശമന സേനാംഗങ്ങൾ സസ്കാച്വാനിലെത്തിയിരുന്നു.

നോവസ്കോഷയിൽ കാട്ടുതീ ബാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പശ്ചിമ കാനഡയിൽ സഹായിക്കാൻ പ്രവിശ്യയ്ക്ക് സംഘത്തെ അയയ്ക്കാൻ കഴിയുന്നതെന്ന് പ്രവിശ്യാ പ്രകൃതിവിഭവ മന്ത്രി ടോറി റഷ്ട്ടൺ പറയുന്നു. നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ സഹായിക്കാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു സ്പെഷ്യലിസ്റ്റ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ രണ്ട് കമ്മ്യൂണിക്കേഷൻ ടെക്‌നീഷ്യൻമാർ ആൽബർട്ടയിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ സഹായിച്ചതായി ടോറി റഷ്ട്ടൺ അറിയിച്ചു. രാജ്യത്തുടനീളമുള്ള കാട്ടുതീ നിയന്ത്രിക്കാൻ 2024-ൽ, നോവസ്കോഷ സർക്കാർ ആറ് തവണ അഗ്നിശമന സേനാംഗങ്ങളെയും ഉപകരണങ്ങളും അയച്ചിരുന്നു.