എഡ്മിന്‍റൻ : കാനഡയിൽ സ്ഥിര താമസം (PR) നേടുന്നതിന് വിദഗ്ധ തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആൽബർട്ടയിലെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ 2025-ൽ തരംഗമായി മാറുന്നു. ജൂലൈയിൽ നടന്ന ആറ് നറുക്കെടുപ്പുകളുടെ ഒരു പരമ്പരയിൽ, ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 382 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. AAIP എക്സ്പ്രസ് എൻട്രി സ്ട്രീമിന്‍റെയും മറ്റ് പാത്ത് വേകളുടെയും ഭാഗമായ ഈ നറുക്കെടുപ്പുകൾ, ആരോഗ്യ സംരക്ഷണം, നിയമ നിർവ്വഹണം, കൃഷി, വ്യോമയാനം തുടങ്ങിയ പ്രധാന തൊഴിൽ മേഖലകളിലെ ഒഴിവുകൾ നികത്തുക എന്ന ലക്ഷ്യത്തോടെ നടന്നവയായിരുന്നു.

ജൂലൈ 3 നും ജൂലൈ 16 നും ഇടയിലാണ് ആൽബർട്ട AAIP യുടെ കീഴിൽ ആറ് നറുക്കെടുപ്പുകൾ നടത്തിയത്. ജൂലൈ മൂന്നിന് നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത് വേ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കുറഞ്ഞ സ്കോർ 62 ഉള്ള 36 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അതേസമയം ആരോഗ്യ മേഖലയിലെ ഒരു തൊഴിലുടമയിൽ നിന്ന് സാധുവായ ജോലി ഓഫറും കുറഞ്ഞത് 300 CRS സ്‌കോറും ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായിരുന്നു.
ജൂലൈ നാലിന് കാർഷിക മേഖലയിൽ തൊഴിലുകളുള്ള ഉദ്യോഗാർത്ഥികൾക്കുള്ള ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – അഗ്രിക്കൾച്ചറൽ നറുക്കെടുപ്പിൽ കുറഞ്ഞ സ്കോർ 64 ഉള്ള 15 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. തുടർന്ന് ജൂലൈ 8-ന് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ഏവിയേഷൻ കാറ്റഗറി നറുക്കെടുപ്പ് ഏറ്റവും കുറഞ്ഞ സ്കോർ 53 ഉള്ള 20 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ജൂലൈ 9-ന് നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത് വേ നോൺ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 32 എക്സ്പ്രസ് എൻട്രി പൂളിൽ ഇല്ലാത്ത ആരോഗ്യ പരിപാലന പ്രൊഫഷണലുകൾക്ക് പ്രവിശ്യാ ഇൻവിറ്റേഷൻ നൽകി.

ആറ് നറുക്കെടുപ്പുകളിൽ ഏറ്റവും വലുതും പ്രവിശ്യയിൽ ജോലി ഓഫറുകളുള്ള വിദഗ്ധ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം നറുക്കെടുപ്പ് ജൂലൈ 11-ന് നടന്നു. ഈ നറുക്കെടുപ്പിൽ കുറഞ്ഞ സ്കോർ 72 ഉള്ള 269 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അവസാനമായി ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ലോ എൻഫോഴ്‌സ്‌മെൻ്റ് പാത്ത് വേ വഴി കുറഞ്ഞ സ്കോർ 49 ഉള്ള പത്തിൽ താഴെ അപേക്ഷകർക്കും പ്രവിശ്യാ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
