ഓട്ടവ : ഒൻ്റാരിയോയിലുടനീളം വിറ്റഴിച്ച വിവിധ ബ്രാൻഡുകളുടെ ഹാംബർഗറുകൾ, സോസേജുകൾ എന്നിവ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സോയയും പാലും അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാവോ ബ്രാൻഡ് അൽഹൈറാസ് പന്നിയിറച്ചി, ചിക്കൻ സോസേജുകളും 6oz ടെക്സസ് ഹാംബർഗറുകളുമാണ് തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ.

തിരിച്ചുവിളിച്ച സോസേജുകൾ വ്യത്യസ്ത വലുപ്പങ്ങളിലുള്ളതാണ്. പക്ഷേ ഏകദേശം 0.54 പൗണ്ട് ഭാരമുള്ളതും 0205526 ൽ ആരംഭിക്കുന്ന UPC നമ്പറുള്ളതുമാണ്. 0201077 ൽ ആരംഭിക്കുന്ന UPC നമ്പറിലുള്ള ഹാംബർഗറുകൾ 4.59 കിലോഗ്രാം അല്ലെങ്കിൽ 1.36 കിലോഗ്രാം പാക്കേജുകളിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്, CFIA നിർദ്ദേശിച്ചു.