ഓട്ടവ : കാനഡ-യുഎസ് വ്യാപാര ചർച്ച ശക്തമാകുന്നതിനിടെ, മൂന്ന് ദിവസത്തെ യോഗത്തിന് ഇന്ന് കനേഡിയൻ പ്രീമിയർമാർ സെൻട്രൽ ഒൻ്റാരിയോയിലെ മുസ്‌കോക്കയിൽ ഒത്തുകൂടും. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്‍റെ നേതൃത്വത്തിൽ പ്രവിശ്യാ, പ്രാദേശിക നേതാക്കൾ തിങ്കളാഴ്ച ഉച്ചയോടെ ഒത്തുകൂടാൻ തുടങ്ങും. കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായ യുഎസ് വ്യാപാര യുദ്ധം തുടരുന്നതിനാൽ, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക, രാഷ്ട്രനിർമ്മാണ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുക, തടസ്സങ്ങൾ തകർത്ത് ആഭ്യന്തര വ്യാപാരം വർധിപ്പിക്കുക എന്നിവയായിരിക്കും കനേഡിയൻ പ്രീമിയർമാർമാരുടെ പ്രധാന ചർച്ചവിഷയം.

യോഗത്തിന്‍റെ രണ്ടാം ദിനമായ ചൊവ്വാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി പ്രീമിയർമാരോടൊപ്പം ചേരുകയും 13 പേർക്കും ചർച്ചകളുടെ അവസ്ഥയെക്കുറിച്ചും യുഎസ് ഭരണകൂടത്തിന്റെ താരിഫ് വർധന ഭീഷണിയെക്കുറിച്ചും നേരിട്ട് വിവരങ്ങൾ നൽകുകയും ചെയ്യും. അതേസമയം വ്യാപാര അനിശ്ചിതത്വം മാത്രമല്ല പ്രീമിയർമാരുടെ അജണ്ടയിലെ വിഷയം. ഊർജ്ജ സുരക്ഷ, ജാമ്യ പരിഷ്കരണം പോലുള്ള പൊതു സുരക്ഷാ ആശങ്കകൾ, പ്രവിശ്യകൾ കാട്ടുതീ സീസൺ നേരിടുന്നതിനാൽ അടിയന്തര മാനേജ്മെൻ്റ്, കുടിയേറ്റം, ആരോഗ്യ സംരക്ഷണം എന്നിവയും പ്രീമിയർമാർ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പ്രീമിയർമാർ ദേശീയ തദ്ദേശീയ സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് സമാപന പത്രസമ്മേളനത്തോടെ ചർച്ച അവസാനിക്കും.