വിനിപെഗ് : നൂറിലധികം കാട്ടുതീകൾ കത്തിപ്പടരുന്ന മാനിറ്റോബയുടെ പല ഭാഗങ്ങളിലും ഈ ആഴ്ച പുക നിറഞ്ഞ അവസ്ഥയായിരിക്കുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ, വിനിപെഗ്, ദി പാസ്, തോംസൺ, സെൽകിർക്ക്, സ്റ്റെയിൻബാക്ക് എന്നിവയുൾപ്പെടെ നിരവധി മാനിറ്റോബ കമ്മ്യൂണിറ്റികളിൽ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്. ഏറ്റവും പുതിയ പ്രവിശ്യാ ഡാറ്റ പ്രകാരം, മാനിറ്റോബയിൽ 122 സജീവ കാട്ടുതീകളുണ്ട്.

ആഴ്ചയുടെ തുടക്കത്തിൽ കാട്ടുതീ പുക വായുഗുണനിലവാരം വളരെ മോശമാകാനും ദൃശ്യപരത കുറയാനും കാരണമാകും. കാട്ടുതീ പുകയിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മകണികകൾ ഏത് പ്രായക്കാരുടെയും ആരോഗ്യത്തെ സാരമായി ബാധിക്കും, കാലാവസ്ഥാ ഏജൻസി അറിയിച്ചു. 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവരുടെ ആരോഗ്യത്തെ അപകടത്തിലാക്കും. കാട്ടുതീ പുക ശ്വസിക്കുന്നത് കണ്ണ്, മൂക്ക്, തൊണ്ടക്ക് അസ്വസ്ഥത, തലവേദന, നേരിയ ചുമ തുടങ്ങിയവയ്ക്ക് കാരണമാകും. വീടിനുവെളിയിലുള്ള പ്രവർത്തനം കുറയ്ക്കുക, വീടിനുള്ളിലായിരിക്കുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടാനും, വെൻ്റിലേഷൻ സിസ്റ്റത്തിൽ നല്ല നിലവാരമുള്ള എയർ ഫിൽട്ടർ ഉപയോഗിക്കാനും ECCC ശുപാർശ ചെയ്യുന്നു. കൂടാതെ പുറത്തിറങ്ങുമ്പോൾ റെസ്പിറേറ്റർ-ടൈപ്പ് മാസ്ക് ധരിക്കണം, കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.