ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം നടന്ന ഭവനഭേദനം, ജൂൽറി കവർച്ചകൾ എന്നിവയ്ക്ക് ഉത്തരവാദികളായ 12 പേരെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ഏകദേശം 20 ലക്ഷം ഡോളർ മൂല്യമുള്ള സ്വത്തുക്കൾ മോഷ്ടിച്ച ഇവർ മേഖലയിലെ രണ്ടു ഗുണ്ടാസംഘങ്ങളിൽ ഉൾപ്പെട്ടവരാണെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. പ്രൊജക്റ്റ് നൈറ്റ് ട്രെയിൻ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് അറസ്റ്റ്. രണ്ടു ഗുണ്ടാസംഘങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും കുറ്റകൃത്യങ്ങളിൽ യുവ കുറ്റവാളികൾ പ്രധാന പങ്ക് വഹിച്ചതായും അധികൃതർ വെളിപ്പെടുത്തി.

അറസ്റ്റിലായ പ്രതികളിൽ ബ്രാംപ്ടണിൽ നിന്നുള്ള മോഹൻജ റാവോറി (19), ടൊറൻ്റോ നിവാസികളായ ഹക്കീം തോമസ് (23), ബുർഹാൻ അബ്ദുൾകാദിർ (29), ജേസൺ കണ്ണിംഗ്ഹാം (30), നെലി ഡെങ്-അകുക്-എൻഗോർ (19), സ്ഥിരമായ വിലാസമില്ലാത്ത ഡൊണൈൽ ലെവി-പോർട്ടർ (19) എന്നിവരും 15 മുതൽ 17 വയസ്സ് വരെ പ്രായമുള്ള ആറുപേരും ഉൾപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ ടൊറൻ്റോ സ്വദേശി 32 വയസ്സുള്ള അലി മഹ്ദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നും മെഴ്‌സിഡസ് ജി-വാഗൺ, ലംബോർഗിനി ഉറൂസ്, ലൂയി വിറ്റൺ പോലുള്ള ഡിസൈനർ ബാഗുകൾ, ആഭരണങ്ങളും വസ്ത്രങ്ങളും, കനേഡിയൻ ഡോളർ, ലോഡ് ചെയ്ത തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ഏകദേശം 860,000 ഡോളർ മൂല്യമുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.