ടൊറൻ്റോ : അമേരിക്കയിൽ നിന്നും കാനഡയിലേക്ക് എത്തിയ ട്രക്കിന്‍റെ ട്രെയിലറിൽ ഒളിപ്പിച്ച ഏകദേശം രണ്ടു കോടി 30 ലക്ഷം ഡോളർ മൂല്യമുള്ള കൊക്കെയ്ൻ അംബാസഡർ ബ്രിഡ്ജിൽ നിന്നും പിടികൂടി. മെയ് 23 ന്, വിൻസർ-ഡിട്രോയിറ്റ് ക്രോസിങ്ങിൽ നടന്ന പരിശോധനയിൽ 161 കൊക്കെയ്ൻ പാക്കറ്റുകൾ അടങ്ങിയ രണ്ട് സ്യൂട്ട്കേസുകളും അഞ്ച് മാലിന്യ ബാഗുകളും കണ്ടെത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത 187.5 കിലോഗ്രാം കൊക്കെയ്‌നിന് ഏകദേശം 2 കോടി 34 ലക്ഷം ഡോളർ വിലവരും.

കേസിൽ റിച്ച്മണ്ട് ഹിൽ സ്വദേശി ഡ്രൈവർ കാംബീസ് കരണ്ടിഷ് (55) നെ അറസ്റ്റ് ചെയ്തു. പ്രതിയേയും മയക്കുമരുന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന് (ആർസിഎംപി) കൈമാറി. മയക്കുമരുന്ന് കള്ളക്കടത്ത്, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നു.