ഹണ്ട്‌സ്‌വിൽ, ഒൻ്റാരിയോ : രണ്ട് ആഭ്യന്തര വ്യാപാര കരാറുകളിൽ ഒപ്പിട്ട് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഒൻ്റാരിയോ സർക്കാരുമായി സമാനമായ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാനിറ്റോബയുമായും യൂകോണുമായും പ്രവിശ്യ പ്രത്യേക കരാറുകളിൽ ഒപ്പുവെച്ചതെന്ന് പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. കരാറിലൂടെ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒൻ്റാരിയോയിലെ ഹണ്ട്‌സ്‌വില്ലിൽ നടന്ന പ്രീമിയർമാരുടെ യോഗത്തിലാണ് കരാറുകൾ ഒപ്പുവച്ചത്.

മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവുമായി ഒപ്പുവച്ച കരാറിൽ രണ്ട് പ്രവിശ്യകൾക്കിടയിൽ തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും ജോലി ചെയ്യുന്നതിനും മാനിറ്റോബയിൽ നിന്നുള്ള മദ്യം നേരിട്ട് വിൽക്കാൻ അനുവദിക്കുന്നതും ഉൾപ്പെടുന്നതായി ഡേവിഡ് എബി പറയുന്നു. കൂടാതെ ബ്രിട്ടിഷ് കൊളംബിയയിലെ ലഹരിപാനീയങ്ങൾ മാനിറ്റോബയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനും കഴിയും.

യൂകോൺ പ്രീമിയർ മൈക്ക് പെംബർട്ടണുമായി ഒപ്പുവച്ച കരാർ വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിലും നിയന്ത്രിത തൊഴിലുകൾക്കുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഡേവിഡ് എബി അറിയിച്ചു. അതേസമയം യൂകോണും ബ്രിട്ടിഷ് കൊളംബിയയും അവരുടെ പവർ ഗ്രിഡുകൾ ബന്ധിപ്പിക്കുന്നതിൽ സഹകരിക്കുമെന്ന് മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.