ഓട്ടവ : ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് റൈഡിങ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ എണ്ണം റെക്കോർഡിലെത്തിയതോടെ നടപടി ആവശ്യപ്പെട്ട് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് രംഗത്ത്. ഉപതിരഞ്ഞെടുപ്പിൽ നൂറ്റിയമ്പതോളം സ്ഥാനാർത്ഥികളെ സ്വതന്ത്രരായി രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ച അഭിഭാഷക ഗ്രൂപ്പിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോണിണ് അയച്ച കത്തിൽ സ്ഥാനാർത്ഥി ബാഹുല്യം ജനാധിപത്യ വ്യവസ്ഥയുടെ ദുരുപയോഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നും പിയേർ പൊളിയേവ് മക് കിനോണിനുള്ള കത്തിൽ വ്യക്തമാക്കി. ഒന്നിലധികം സ്ഥാനാർത്ഥികളെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് ഔദ്യോഗിക ഏജന്റുമാരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 18-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി നിലവിൽ 152 പേരുണ്ട്. അതിൽ അഞ്ച് പേർ മാത്രമാണ് പാർട്ടി ലേബലിൽ മത്സരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി പിയേർ പൊളിയേവ്, ലിബറൽ സ്ഥാനാർത്ഥിയായി ഡാർസി സ്പാഡി, യുണൈറ്റഡ് പാർട്ടി ഓഫ് കാനഡയ്ക്ക് വേണ്ടി ഗ്രാൻ്റ് എബ്രഹാം, ലിബർട്ടേറിയൻസിന് വേണ്ടി മൈക്കൽ ഹാരിസ്, ക്രിസ്ത്യൻ ഹെറിറ്റേജ് പാർട്ടിക്ക് വേണ്ടി ജെഫ് വില്ലെർട്ടൺ എന്നിവരാണ് ഈ അഞ്ച് സ്ഥാനാർത്ഥികൾ.

ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ജൂലൈ 28 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. തുടർന്ന് ഓഗസ്റ്റ് 8 മുതൽ 11 വരെ മുൻകൂർ വോട്ടിങ് നടക്കും. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പിയേർ പൊളിയേവ് മത്സരിച്ച ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹത്തിനെതിരെ 91 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. 20 വർഷത്തിലേറെയായി ഓട്ടവ കാൾട്ടൺ റൈഡിങ്ങിനെ പ്രതിനിധീകരിച്ചിരുന്ന പിയേർ ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് രാജിവെച്ചിരുന്നു.