മിസ്സിസാഗ : നഗരത്തിൽ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചതായി പീൽ പബ്ലിക് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. മിസ്സിസാഗയിലെ എയർപോർട്ട്-ഡെറി റോഡ് ഈസ്റ്റിലെ ഇന്‍റർസെക്ഷന് സമീപത്ത് നിന്നും കണ്ടെത്തിയ കൊതുകിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മിസ്സിസാഗ, ബ്രാംപ്ടൺ, കാലിഡൺ എന്നീ നഗരങ്ങൾ ഉൾപ്പെടുന്ന പീൽ മേഖലയിൽ 2025 സീസണിലേക്കുള്ള വെസ്റ്റ് നൈൽ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച, ടൊറൻ്റോയിലും യോർക്ക് മേഖലയിലും കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. പീൽ പബ്ലിക് ഹെൽത്ത് മേഖലയിലുടനീളം 33 കൊതുക് കെണികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു. കൊതുകുകളെ നിയന്ത്രിക്കാൻ കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകൾ ലാർവിസൈഡ് ഉപയോഗിച്ച് ശുദ്ധീകരിച്ചിട്ടുണ്ട്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായ പ്ലാന്‍ററുകൾ, ഗട്ടറുകൾ, പഴയ ടയറുകൾ തുടങ്ങിയ വസ്തുക്കളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.